കോട്ടയം: ആര്‍എസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാര്‍ട്ടി വിട്ടു. ഷിബു ബേബി ജോണിനെതിരെ ആഞ്ഞടിച്ചാണ് സജി ഡി ആനന്ദ് പാര്‍ട്ടി വിട്ടത്.
എന്‍ കെ പ്രേമചന്ദ്രന് എംപിയുടെ മകന് കാര്‍ത്തിക് പ്രേമചന്ദ്രന് സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആര്എസ്പിയില് കലഹം രൂക്ഷമായിരുന്നു. കാര്‍ത്തിക് പ്രേമചന്ദ്രന് എല്ലാ കമ്മിറ്റിയിലും ഭുരിപക്ഷമുണ്ടെന്നും അത് അംഗീകരിക്കാത്ത ഷിബു ബേബി ജോണ്‍ നേതാവ് അല്ലെന്നുമാണ് സജി ഡി ആനന്ദിന്റെ വിമര്‍ശനം.
ജയിക്കും എന്നതാണ് പ്രേമചന്ദ്രന്റെ മകന്റെ അയോഗ്യത. പ്രേമചന്ദ്രന്റെ മകന് ജയിച്ചാല്‍ കുഴപ്പമാകുമെന്ന് ചിന്തിക്കുന്നവരാണ് അവര്‍. കാര്‍ത്തിക് ജയിച്ച് എങ്ങാന്‍ മന്ത്രിയായാലോ? അധികാരമെല്ലാം ഒരു വീട്ടിലേക്ക് പോകും. ആ വീട്ടിലേക്ക് പാര്‍ട്ടിയുടെ പിടിയും പോകുമെന്ന ഭയമാണ്.
രണ്ട് തവണ പരാജയപ്പെട്ട ഷിബു ബേബി ജോണ്‍ മാറി നിന്ന് ഈ ചെറുപ്പക്കാരനെ ചവറയില്‍ പരീക്ഷിച്ചാല്‍ ജയിക്കും. നേര്‍ച്ചക്കോഴിയെ ഇവിടെ കൊണ്ടിറക്കിയിരിക്കുകയാണ്. രാഷ്ട്രീയമില്ലാതെ പ്രവര്‍ത്തിച്ചാലും ആര്എസ്പിക്കാരനായി പ്രവര്‍ത്തിക്കില്ലെന്നും സജി ഡി ആനന്ദ് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ ആര്‍എസ്പി ഇരവിപുരം മണ്ഡലം സെക്രട്ടറി എന്‍. നൗഷാദും രാജിവച്ചിരുന്നു. ചവറ സ്വദേശിയും ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറിയുമായ വിഷ്ണു മോഹനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി ഇറക്കാനുള്ള നീക്കമാണ് ആര്എസ്പിയില് കടുത്ത പോരിന് ഇടയാക്കിയത്.